Sunday, October 18, 2009

ഒരു മുത്തശ്ശിക്കഥ

മറ്റെല്ലാ ഗ്രാമങ്ങളെയും പോലെ പ്രകൃതിരമണീയവും നന്മനിറഞ്ഞതുമായ ഞങ്ങളുടെ ഗ്രാമത്തിനും പറയാന്‍ ഒരുപാടു പഴങ്കഥകളും പുതുക്കഥകളുമുണ്ട്.
മുത്തശ്ശിമാര്‍ പറഞ്ഞുള്ള അറിവ് ഇവിടെ പാടങ്ങളില്‍ പണ്ട് നെല്ലല്ല അരിയാണ്‌ വിളഞ്ഞിരുന്നതെന്നാണ്‌.പിന്നെങ്ങനെ അരിവിളയും പാടങ്ങളില്‍ നെല്ലു വിളഞ്ഞു എന്ന സംശയം സ്വാഭാവികമായും ഞങ്ങള്‍ ഇളമുറക്കാര്‍ക്കുണ്ടായി.അതിനു മുത്തശ്ശിമാര്‍ പറഞ്ഞു തന്ന മറുപടി ഒരു കഥയായിരുന്നു.കഥപറയുവാന്‍ അവര്‍ക്കും കഥകേള്‍ക്കുവാന്‍ കൊച്ചുമക്കള്‍ക്കും ഇഷ്ടമായിരുന്ന ആ കാലത്ത്‌,കഥ പറയുവാനും കേള്‍ക്കുവാനും സമയമുണ്ടായിരുന്ന ആ കാലത്ത്, ഞങ്ങള്‍ കൊച്ചുമക്കള്‍ക്ക് മുത്തശ്ശിമാര്‍ പറഞ്ഞുതന്ന കഥയുടെ ചുരുക്കം ഇങ്ങനെയാണ്‌....
"പണ്ടൊക്കെ എന്തായിരുന്നു ഈ പാടത്തൊക്കെ വിളഞ്ഞതെന്നു മക്കള്‍ക്കറിയുവോ? അരി..നല്ലൊന്നാന്തരം അരി ! പതിരില്ലാത്ത അരി! കല്ലില്ലാത്ത, നെല്ലില്ലാത്ത അരി! മെതിയ്ക്കണ്ട, പുഴുങ്ങണ്ട, ഉണക്കണ്ട, കുത്തണ്ട,പാറ്റണ്ട.കഴുകിവാരി അടുപ്പത്തിട്ടാമതി.
ആ ചോറിന്റെ സ്വാദോ പറഞ്ഞറിയിക്കാന്‍ വയ്യ."
കഥ ഇത്രയുമായപ്പോള്‍ സ്വാഭാവികമായ ഒരുസംശയം എനിക്കു വന്നുപെട്ടു.കഥയില്‍ ചോദ്യമില്ലെന്ന പഴഞ്ചൊല്ലില്‍ പതിരിട്ടുകൊണ്ടു ഞാന്‍ ചോദിച്ചു; 'മുത്തശ്ശി അരിപ്പാടം കണ്ടിട്ടുണ്ടോ?'
പല്ലില്ലാത്ത മോണകാട്ടി മുത്തശ്ശി ചിരിയോ ചിരി."ന്റെ കുട്ട്യേ ഇതൊക്കെ ന്റെ മുത്തശ്ശി ഞങ്ങള് ‍കുട്ട്യോള്‍ക്കു പറഞ്ഞുതന്ന കഥയല്യോ? അതൊക്കെ വള..രെ വള..രെ പണ്ടാ.ഒരു സ്ത്രീയുടെ അഹങ്കാരാ ആ പാടത്താകെ നെല്ലുവിളയാനുള്ള കാരണം."
അന്നൊരിക്കല്‍ ഒരു സ്ത്രീ കുളിച്ചു വരുമ്പോള്‍ വൈകി. അപ്പോള്‍ അരിവിളഞ്ഞ് നി‍ല്‍ക്കുന്ന പാടം കണ്ട് അവരു പറഞ്ഞത്രേ ഈ പാടത്തൊക്കെ ചോറു വിളഞ്ഞിരുന്നെങ്കിലെന്ന്‌. ആ സ്ത്രീയുടെ അഹങ്കാരം കണ്ട് അന്നദാനേശ്വരി ശപിച്ചു. 'ഇനിമുതല്‍ പാടത്തൊക്കെ നെല്ലുണ്ടാവട്ടേ' എന്ന്‌. അന്നുമുതലാ പാടങ്ങളിലൊക്കെ നെല്ലുവിളഞ്ഞു തുടങ്ങിയത്. ഇപ്പോള്‍ ‍കൊയ്ത്ത് മെതി, പാറ്റല്‍, പുഴുങ്ങല്‍, ഉണക്കല്‍,കുത്തല്‍ അങ്ങനെ പെണ്ണുങ്ങള്‍ക്ക് നല്ല പണിയായി.
'ഒക്കെ ഒരുത്തീടെ അത്യാഗ്രഹത്തിന്റെ ഫലമല്യോ?'എന്ന ചോദ്യത്തോടെ മുത്തശ്ശി കഥ അവസാനിപ്പിച്ചു. ഈ കഥ ഇങ്ങനെയോ ചില പാഠഭേദങ്ങളോടെയോ പലടത്തും പ്രചരിച്ചിട്ടുണ്ട്.
എന്തായാലും അരിവിളയുന്ന പാടങ്ങളുള്ള ഞങ്ങളുടെ ഗ്രാമം അങ്ങനെ അരീപ്പറമ്പ് എന്നറിയപ്പെട്ടു തുടങ്ങി.പിന്നീട് നെല്ലു വിളഞ്ഞപ്പോഴും ഇപ്പോള്‍ പാടങ്ങളേ ഇല്ലാതായപ്പോഴും ഞങ്ങളുടെ നാട് അരീപ്പറമ്പെന്നുതന്നെ അറിയപ്പെടുന്നു.
ഇത്തരം സ്ഥലപുരാണങ്ങള്‍ ഓരോ നാട്ടിലുമുണ്ട്.അതിശയോക്തിനിറഞ്ഞ ഈ കഥകള്‍ ഗ്രാമീണ സംസ്കൃതിയുടെ തന്നെ ഭാഗമാണ്‌.കെട്ടുകഥകളെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന ഈ കഥകളെ നെല്ലും പതിരും തിരിച്ചു വിശകലനം ചെയ്താല്‍ നാം ചെന്നെത്തുക ഗ്രാമങ്ങളുടെ സാമ്പത്തികവും സാംസ്കാരികവുമായ ചരിത്ര പശ്ചാത്തലത്തിലായിരിക്കും.'അരീപ്പറമ്പില്‍ അരിവിളഞ്ഞിരുന്നു' എന്ന വാച്യാര്‍ത്ഥത്തിനപ്പുറം ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചല്‍ വ്യക്തമാകുന്ന ഒരു വ്യംഗ്യാര്‍ത്ഥമുണ്ട്.പാടങ്ങള്‍ നിറഞ്ഞ ഈ ഗ്രാമം വളരെ അടുത്തകാലത്തു മാത്രമാണ്‌ നെല്‍ക്കൃഷി തീരെയില്ലാത്ത പ്രദേശമായിത്തീര്‍ന്നത്.അരി വിളഞ്ഞിരുന്നു എന്ന അതിശയോക്തി മാറ്റി നിര്‍ത്തിയാല്‍ അരീപ്പറമ്പ് ഏറെ അരി ഉത്പാദിപ്പിച്ചിരുന്ന പ്രദേശമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
മുത്തശ്ശിക്കഥകളായും സ്ഥലപുരാണമായും ഒക്കെ നിലനിന്നു പോരുന്ന ഇത്തരം കഥകളെ നെല്ലും പതിരും വേര്‍തിരിച്ചെടുത്തു വിശകലനം ചെയ്താല്‍ നാം ചെന്നെത്തുക ഗ്രാമീണജീവിതചരിത്രത്തിന്റെ ചില ഏടുകളിലാവും എന്നതില്‍ തര്‍ക്കമില്ല.